കൊല്ലം: കേരളം കാത്തിരുന്ന ഉത്ര വധക്കേസില്‍ ഇന്ന് വിധി വന്നിരിക്കുകയാണ്. പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ കോടതി വിധി നിരാശയാക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉത്രയുടെ അമ്മ മണിമേഖല.
കൊലപാതകം, വധശ്രമം എന്നീ കേസുകളില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് നല്‍കിയിട്ടുള്ളത്. മറ്റു രണ്ടു വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം, ഏഴു വര്‍ഷം തടവു വീതവും വിധിച്ചിട്ടുണ്ട്. ആദ്യം 10 വര്‍ഷം തുടര്‍ന്ന് ഏഴു വര്‍ഷം എന്നിങ്ങനെ ശിക്ഷ അനുഭവിക്കണം.
അതിനു ശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ തുടങ്ങുകയെന്ന് കോടതി പ്രസ്താവിച്ചിട്ടുണ്ട്. ഇതുപ്രകാരം പ്രതി ആയുഷ്കാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എന്നാല്‍ കോടതി വിധിയില്‍ തൃപ്തിയില്ലെന്നും സൂരജിന് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഉത്രയുടെ അമ്മ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹത്തില്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് മണിമേഖല പറഞ്ഞു. പരമോന്നത ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും വലിയ കുറ്റകൃത്യം നടത്തിയ പ്രതിക്ക് തക്കതായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ സമൂഹം എങ്ങോട്ടാകും പോവുകയെന്നും മണിമേഖല പറഞ്ഞു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. വധശിക്ഷ ഒഴികെയുള്ള പരമാവധി ശിക്ഷയാണ് നല്‍കിയിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.