കൊല്ലം: കേരളത്തെ നടുക്കിയ കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ വിധി വന്നു. പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതി പറഞ്ഞു. വിധി പ്രസ്താവം കേള്‍ക്കുന്നതിനായി പ്രതി പറക്കോട് സ്വദേശി സൂരജിനെ 11.48 ഓടെ കോടതിയിലെത്തിച്ചിരുന്നു. വിധി പ്രസ്താവം പരിഗണിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
ഉത്രവധക്കേസില്‍ വിധി കേള്‍ക്കാനായി വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രതിയാണ് സൂരജ് . വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു.
വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് മാനദണ്ഡങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി. വിധി കേള്‍ക്കാനായി ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു.