കുമരകം:യുവാവിനെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ കുമരകത്താണ് സംഭവം. പൊലീസ് സ്റ്റേഷനു സമീപം ദീപ കോട്ടേജില്‍ പരേതനായ ശശിധരന്റെ മകന് ടിബിന്‍ ആണു മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.
കിടപ്പുമുറിയിലെ കട്ടിലിനു താഴെ രക്തത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ടിബിന്‍ വീട്ടില്‍ തനിച്ചായിരുന്നു. സ്വന്തം വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ 8ന് ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ആയ ദീപ ജോലിക്കു പോകാന്‍ വരുന്ന വഴിയാണ് വീട്ടില്‍ കയറിയത്.
ടിബിന്റെ ഇടതുകാലിന്റെ പിന്നിലും മുന്നിലും നെറ്റിയിലും മുറിവുണ്ട്. കിടപ്പുമുറിയില്‍ നിന്ന് അടുക്കള ഭാഗം വരെ രക്തം വീണിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയിലെ തലയണ വലിച്ചുകീറി പഞ്ഞി പുറത്തുവന്ന നിലയിലാണ്. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. ജംക്ഷനില്‍ മൊബൈല്‍ കട നടത്തുകയാണ് ടിബിന്‍. സംസ്കാരം ഇന്നു നടക്കും. മകള്‍: നിവേദ്യ.