കൊല്ലം: കേരളത്തെ ഒന്നടങ്കം നടുക്കിയ അഞ്ചല്‍ സ്വദേശിനി ഉത്ര വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് സൂരജിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കിട്ടാവുന്ന ഏറ്റവും പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും വധശിക്ഷ ലഭിക്കാനാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ഉത്രയുടെ സഹോദരന് വിഷു പറഞ്ഞു.
കോടതിയില്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ മാതൃകാപരമായ ശിക്ഷ വിധിക്കുമെന്നതാണ് പ്രതീക്ഷിക്കുന്നതെന്നും വിഷു പറഞ്ഞു.
ഉത്രയുടെ സഹോദരന് വിഷുവിന്റെ വാക്കുകള്‍
”ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കിട്ടാവുന്ന ഏറ്റവും പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം. വധശിക്ഷ കിട്ടാനാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. കോടതിയില്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മാതൃകാപരമായ ശിക്ഷ വിധിക്കുമെന്നതാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായി പാമ്പു കടിയേറ്റത് സൂരജിന്റെ വീട്ടില്‍ നിന്നാണ്, അന്ന് അവളുടെ ജീവന് തിരിച്ചു കിട്ടിയല്ലോയെന്ന് കരുതി ആശ്വസിച്ചു. എന്നാല്‍ രണ്ടാമത് കടിയേല്‍ക്കുന്നത് എന്റെ വീട്ടില്‍ വെച്ചാണ്.
സൂരജിന്റെ വീടിനെക്കാള്‍ വളരെ വ്യത്യാസമായി സാഹചര്യമാണ് എന്റെ വീട്ടിലുള്ളത്. ഇവിടെ വെളിയില്‍ നിന്ന് ഇഴജന്തുക്കള്‍ വരാനുള്ള സാഹചര്യമില്ല. വിഷമേറിയ പാമ്പുകളുടെ കടിയേറ്റ് ആരെങ്കിലും അപകടത്തില്‍പ്പെട്ടതായി ഇവിടെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. കടിയേറ്റ ദിവസം സൂരജ് തപ്പിത്തടഞ്ഞാണ് സംസാരിച്ചത്. ശ്രദ്ധിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെയാണ് പറഞ്ഞത്. ഇതൊരു സാധാരണ മരണമല്ലെന്ന് പലരും ഞങ്ങളോട് പറഞ്ഞിരുന്നു.
സൂരജിന്റെ പ്രവൃത്തിയില്‍ ഉത്രയുടെ മരണശേഷമുള്ള അഞ്ച് ദിവസത്തെ സ്വഭാവം സംശയത്തിലേക്ക് കാര്യങ്ങളേത്തിക്കുകയായിരുന്നു. കൊട്ടാരക്കര എസ്പിക്ക് ഞങ്ങളുടെ സംശയങ്ങളെല്ലാം വ്യക്തമാക്കി പരാതി നല്കി. അഞ്ച് ദിവസത്തിനുള്ളില്‍ അറസ്റ്റുണ്ടായി. ഇതിന് ശേഷമാണ് കൊലപാതകം തെളിയിക്കുന്നതിനുള്ള തെളിവെടുപ്പ് നടന്നത്. ഇതൊക്കെ പൊലീസ് കൃത്യമായി ചെയ്തു. അത് അന്വേഷണ ടീമിന്റെ മിടുക്കാണ്.”