തിരുവനന്തപുരം: മലയാള സിനിമയിലെ പ്രിയ നടന് നെടുമുടി വേണു അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ നെടുമുടി വേണുവിന്റെ നില അതീവ ഗുരുതരമാണെന്ന് സൂചിപ്പിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
നെടുമുടി വേണു ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. മലയാള സിനിമയിലെ നിലവിലെ മുതിര്‍ന്ന താരം കൂടിയാണ് നെടുമുടി വേണു. സഹതാരമായും വില്ലന്‍ വേഷങ്ങളിലും കോമഡി വേഷങ്ങളിലും അച്ഛന് വേഷങ്ങളിലുമെല്ലാം ഒരുപോലെ മികവോടെ തിളങ്ങിയിരുന്ന താരമാണ് വിടവാങ്ങിയത്.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.