തിരുവനന്തപുരം: ഭര്‍ത്താവിന്റെ സഹോദരന് പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ യുവതി മരിച്ചു. വാവറയമ്പലം കാവുവിള തെറ്റിച്ചിറ വൃന്ദഭവനില്‍ വൃന്ദയാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. സംഭവത്തില്‍ പണിമൂല തെറ്റിച്ചിറ പുതുവല്‍ പുത്തന്‍വീട്ടില്‍ സിബിന് ലാലിനെ (29) പോത്തന്‍കോട് പോലീസ് നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വൃന്ദയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ വൃന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. കാവുവിളയിലെ കടയില്‍ തയ്യല്‍ പഠിക്കാനെത്തിയതായിരുന്നു വൃന്ദ.
കാറിലെത്തിയ സിബിന് ലാല്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളും തുണി ചുറ്റിയ പന്തവുമായെത്തി വൃന്ദയെ ആക്രമിക്കുകയായിരുന്നു. ഭയന്ന് കടയ്ക്കുള്ളില്‍നിന്ന് ഇറങ്ങിയോടിയ വൃന്ദ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സിബിന്‍ലാല്‍ തീകൊളുത്തുകയായിരുന്നു.
സബിന്‍ ലാലുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വൃന്ദയോട് ഭര്‍ത്താവുമായി ജീവിക്കണമെന്ന് സിബിന് നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും ഇതിനു വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട സിബിനിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മുട്ടത്തറ ഭാഗത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്.