കോഴിക്കോട്: വീട്ടിലേക്കുള്ള വഴിതെറ്റിയ വയോധിക കാട്ടില്‍ കുടുങ്ങിയത് ഒരാഴ്ച. കോടഞ്ചേരി തെയ്യപ്പാറയില്‍ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെയാണ് ഒരാഴ്ചത്തെ തിരച്ചിലിനൊടുവില്‍ വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്.
ഇവര്‍ക്ക് മറവി രോഗം (അല്‍ഷിമേഴ്സ്) ബാധിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 25ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ഏലിയാമ്മയെ കാണാതായത്. തൊട്ടടുത്ത വീട്ടിലെത്തിയ ഏലിയാമ്മയെ അയല്‍വാസികള്‍ തിരികെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു.
എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാണെന്നു കരുതുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ഏഴ് ദിവസമാണ് വയോധിക കാട്ടില്‍ കഴിഞ്ഞത്. കാണാതായ ദിവസം മുതല്‍ മക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നു തിരച്ചില്‍ നടത്തിയിരുന്നു.
ഡോഗ് സ്ക്വാഡുകളും തിരച്ചിലിനെത്തിയെങ്കിലും വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള റോഡ് വരെ മാത്രമാണു പൊലീസ് നായ്ക്കള്‍ മണം പിടിച്ചു ചെന്നത്. പിന്നീട് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് പ്രദേശം അരിച്ചുപെറുക്കി.
തേവര് മലയിലെ രണ്ട് റബര്‍ തോട്ടങ്ങള്‍ക്കിടയിലെ കാടുമൂടിയ സ്ഥലത്തെ പാറക്കൂട്ടത്തിന് താഴെ ചാഞ്ഞിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. കാലുതെറ്റി വീണതാകാം എന്നാണ് നിഗമനം. അവശ നിലയിലായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.