കോട്ടയം; നിതിനാമോളെ കൊലപ്പെടുത്താന്‍ അഭിഷേക് എത്തിയത് മുന്നൊരുക്കങ്ങളോടെയെന്ന് പോലീസ്.ആറു രൂപയ്ക്ക് വാങ്ങിയ ബ്ലേഡുകൊണ്ടാണ് നിതിനയുടെ കഴുത്തറുത്തത്. കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ച് അഭിഷേക് ഒരാഴ്ച മുന്‍പുതന്നെ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ തിരഞ്ഞു മനസിലാക്കിയിരുന്നു.
കൊലപാതകം നടത്തിയാല്‍ കിട്ടാവുന്ന ശിക്ഷയെക്കുറിച്ചും പ്രതി തിരഞ്ഞിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മനുഷ്യരെ ഞരമ്പുമുറിച്ച് കൊല്ലുന്നത് സംബന്ധിച്ചാണ് അഭിഷേക് കൂടുതല്‍ വായിച്ചത്. എവിടെയുള്ള ഞരമ്പുകള്‍ മുറിച്ചാല്‍ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു.
കഴുത്തില്‍ എത്ര ഞരമ്പുകളുണ്ടന്നും അവയില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളില്‍ പരിശോധിച്ചു. കഴുത്തില്‍ മുറിവേല്പ്പിക്കുമ്പോള് മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാല്‍ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകള്‍ എന്നിവയും മനസ്സിലാക്കിയെന്ന് പോലീസ് പറയുന്നു.
ഒരാഴ്ച മുന്‍പ് വാങ്ങിയ ബ്ലേഡ് തെര്‍മോകോള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന എന്‍ടി കട്ടറിലേക്ക് മാറ്റിയിരുന്നു. പഞ്ചഗുസ്തി അഭ്യസിച്ചിരുന്ന അഭിഷേകിന് ആളുകളെ കീഴ്പ്പെടുത്തുന്ന രീതി നന്നായി അറിയാമെന്നു പൊലീസ് പറയുന്നു. പാലാ സെന്റ് തോമസ് കോളജ് ക്യാംപസില്‍വച്ച് ആക്രമിക്കുന്നതിനു തൊട്ടു മുന്‍പ് അഭിഷേക് കഴുത്തില്‍ കുത്തിപ്പിടിച്ചതോടെ നിതിനയുടെ വോക്കല്‍ കോഡിന് തകരാര്‍ സംഭവിച്ച് അര്‍ധ അബോധാവസ്ഥയിലേക്കു വീണു.
ഇതാണു നിതിനയുടെ ഭാഗത്തുനിന്നു പ്രതിരോധമോ കരച്ചിലോ കാര്യമായി ഉണ്ടാകാതിരുന്നത്. ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. നിഥിനാമോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് മൊഴിയെടുത്തു. ഇതില്‍, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താല്‍ തൂക്കിക്കൊല്ലാന്‍ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്.