തിരുവനന്തപുരം: ബിജെപി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടത് എന്റെ നേതാക്കന്മാരാണെന്നും അവര്‍ ഒരു അക്ഷരവും മിണ്ടിയിട്ടില്ലെന്നും തുറന്നുപറഞ്ഞ് സുരേഷ് ഗോപി എംപി. അതേസമയം, താന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു.
ഇപ്പോള്‍ ചെയ്യുന്ന ജോലി തുടരാന്‍ അനുവദിക്കണമെന്ന് എംപി പിപി മുകുന്ദനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘1994 മുതല്‍ ആ വീട്ടില്‍ പോകുന്നതാണ്. കണ്ണൂരില്‍ വന്നത് കൊണ്ടാണ് മുകുന്ദനുമായി കൂടികാഴ്ച്ച നടത്തിയത്. കേരളത്തിലെ സംഘടനയില്‍ ഞാനാരാണ്. ഞാന്‍ ഒരു എംപി മാത്രമാണ്. വ്യക്തിപരമായിരുന്നു കൂടികാഴ്ച്ച. അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടത് എന്റെ നേതാക്കന്മാരാണ്. അവര്‍ ഒരു അക്ഷരവും മിണ്ടിയിട്ടില്ല.’ സുരേഷ് ഗോപി എംപി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപി എംപിയുടെ പേര് പല മേഖലങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ തന്നെയാണ് എംപി. പൊതുജനങ്ങള്‍ക്ക് പരിചിതമായ മുഖവും സേവന മേഖലയില്‍ ഇടപെട്ട് വരികയും ചെയ്യുന്ന സുരേഷ് ഗോപിയുടെ കടന്നുവരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനിടെയാണ് സുരേഷ് ഗോപി എംപിയുടെ പേര് പരിഗണിക്കപ്പെടുന്നത്.