മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥനായ ജെയിംസ് വില്‍സണ്‍ ലോകശ്രദ്ധയിലേയ്ക്ക് വന്നത് നോട്ട് നിരോധനത്തിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കിയ ട്വീറ്റുകളിലൂടെയാണ്. ഇപ്പോള്‍ ഡാം സുരക്ഷയും മഴയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് അദ്ദേഹത്തെ വീണ്ടും ശ്രദ്ധേയനാക്കുന്നത്
സമൂഹ മാധ്യമത്തില്‍ ഒരിക്കല്‍ കൂടി മുഴങ്ങുകയാണ് ഒരു മലയാളിയുടെ ശബ്ദം. കേരളത്തില്‍ പേമാരിയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത് മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്ലിലെ എന്‍ജിനീയറായ ജെയിംസ് വില്‍സനാണ്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടതും മറ്റു മഴക്കെടുതികളുമായി ബന്ധപ്പെട്ടതുമായ ജെയിംസിന്റെ ട്വീറ്റുകള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് ലോകം.
കേരള സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ സെല്ലിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റുകളാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പിന്റെ സ്ഥിതിയും മഴക്കെടുതിയുടെ അവസ്ഥയും കൃത്യതയോടെ വെളിപ്പെടുത്തുന്നത്.
ജയിംസ് വില്‍സണ്‍ ലോകശ്രദ്ധയിലേയ്ക്ക് വരുന്നത് ഒരു വര്‍ഷം മുമ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ അവകാശവാദത്തിന്റെ പൊളളത്തരങ്ങള്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയതോടെയാണ്. ജെയിംസ് വില്‍സണന്റെ അന്നത്തെ ട്വീറ്റുകള്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയും ഇന്ത്യയിലെ തന്നെ പ്രമുഖ എഡിറ്റര്‍മാര്‍ പോലും ജെയിംസ് വില്‍സണ്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും എതിര്‍പ്പുകള്‍ ജെയിംസ് വില്‍സണിനെതിരെ ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റുകളായിരുന്നു വസ്തുതയെന്ന് കാലം തിരിച്ചറിഞ്ഞു. ലോകം വീണ്ടും ജെയിംസ് വില്‍സണ്‍ എന്തു പറയുന്നു എന്ന് ശ്രദ്ധിക്കുന്ന തലത്തിലേയ്ക്ക് അതെത്തി എന്നത് ഈ ദുരന്തം വിതയ്ക്കുന്ന മഴക്കാലവും സാക്ഷ്യം വഹിക്കുന്നു. ഇന്ന് അദ്ദേഹത്തിനെ 30.1 കെ ആളുകളാണ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.
ജലം, ഡാം സുരക്ഷ, ധനകാര്യം, നിയമം, ഫൊട്ടോഗ്രഫി എന്നീ കാര്യങ്ങളില്‍ തല്‍പ്പരനായ സിവില്‍ എന്‍ജിനീയറായ ജെയിംസ് വില്‍സണ്‍. ഒരുപക്ഷേ സെലിബ്രിറ്റി പട്ടികയില്‍ ഇല്ലാത്ത ഏറ്റവുമധികം ഫോളോവേഴ്സ് ഉളള ഒരാളായിരിക്കാം ജെയിംസ് വില്‍സണ്‍ എന്ന നാല്പ്പത്തിയേഴുകാരന്