വൈക്കം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ മൃതദേഹം സംസ്കരിച്ചു. വേദനയോടെയാണ് ഉറ്റവരും നാട്ടുകാരും നിതിനയ്ക്ക് വിടനല്‍കിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലെത്തിച്ചാണ് സംസ്കാരം നടത്തിയത്.
നിതിനയും അമ്മയും താമസിച്ചിരുന്ന വീട്ടില്‍ സൗകര്യമില്ലാത്തതിനാലാണ് സംസ്കാരം ബന്ധുവീട്ടില്‍ നടത്തിയത്. നിതിന മോളെ അവസാനമായി ഒരുനോക്ക് കാണാന്‍ കോവിഡിനിടയിലും വന്‍ ജനാവലി തന്നെയാണ് തുറവേലിക്കുന്നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.
നിതിനമോളുടെ വിയോഗം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. കണ്ണീരടക്കാനാവാതെ നിലവിളിച്ചുകൊണ്ടാണ് അവര്‍ പ്രിയപ്പെട്ട മകളുടെ മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി വിഎന്‍ വാസവനും സി.കെ ആശ എംഎല്‍എയും നിതിനയുടെ വീട് സന്ദര്‍ശിച്ചു.
നിതിനയുടെ സഹപാഠി അഭിഷേകാണ് കോളേജ് മുറ്റത്ത് വെച്ച് നിതിനയുടെ കഴുത്തറുത്ത് കൊന്നത്. നിതിന മരിച്ചത് രക്തം വാര്‍ന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന്മാരുടെ തലവന്‍ പറഞ്ഞു.
രണ്ട് വര്‍ഷമായുള്ള പ്രണയബന്ധത്തില്‍ നിന്ന് അകന്നുപോയതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് നിഥിനയെ ആക്രമിച്ചതെന്നാണ് പ്രതി അഭിഷേക് പോലീസിന് മൊഴി നല്‍കിയത്. മുന്‍കൂട്ടി തീരുമാനിച്ചതല്ല കൊലപാതകമെന്ന് അഭിഷേക് മൊഴി നല്‍കിയെങ്കിലും പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. മൂര്‍ച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ കടയില്‍ നിന്ന് വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.