പോത്തന്‍കോട്: ജ്യേഷ്ഠന്റെ ഭാര്യയെ പട്ടാപ്പകല്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച് യുവാവ്. പോത്തന്‍കോട് പണിമൂല തെറ്റിച്ചിറ വൃന്ദാഭവനില്‍ സബിന്‍ലാലിന്റെ ഭാര്യ വൃന്ദയെയാണ് (28) ഭര്‍ത്താവിന്റെ അനുജന് തെറ്റിച്ചിറ പുതുവല്‍പുത്തന്‍ വീട്ടില്‍ ടെമ്പോ ഡ്രൈവറായ സിബിന്‍ലാല്‍ (32) ആക്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നാണ് ആക്രമണം. അരയ്ക്കുതാഴെ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് 75 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവശേഷം മുട്ടത്തറയിലെത്തി സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യം വാങ്ങി അതില്‍ വിഷം ചേര്‍ത്ത് കഴിച്ച് കാറില്‍ കിടക്കുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കാവുവിളയില്‍ യുവതി തയ്യല്‍ പഠിക്കുന്ന സ്ഥാപനത്തിലെത്തിയായിരുന്നു ആക്രമണം. കാറിലെത്തിയ സിബിന്‍ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് കവറിലും സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ചു. പ്രാണരക്ഷാര്‍ത്ഥം സ്ഥാപനത്തോട് ചേര്‍ന്ന വീടിന്റെ അടുക്കളയിലേക്ക് യുവതി ഓടിക്കയറി.
പിന്നാലെയെത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന തുണി ചുറ്റിയ പപ്പായത്തണ്ടില്‍ തീകൊളുത്തി എറിയുകയായിരുന്നു. തടയാന്‍ ശ്രമിച്ച വീട്ടുടമയ്ക്കും ഭാര്യയ്ക്കും പൊള്ളലേറ്റു. ഇവര്‍ യുവതിയുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ചും നനഞ്ഞ വസ്ത്രങ്ങളിട്ടുമാണ് തീ കെടുത്തിയത്.
ജ്യേഷ്ഠത്തി പിണങ്ങി പോയതിനെ തുടര്‍ന്ന് ചേട്ടന് സബിന്‍ ലാലിന്റെ മനോനില തെറ്റിയെന്നും പലപ്രാവശ്യം അവരെ വീട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ലെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്കി.
കൂലിപ്പണിക്കാരനായ ഭര്‍ത്താവുമായി യുവതി ഒന്നരവര്‍ഷമായി പിണങ്ങിക്കഴിയുകയാണ്. ഇവര്‍ക്ക് ഒമ്പതും അഞ്ചും വയസുള്ള മക്കളുണ്ട്. സിബിന്‍ലാലിന്റെ കാറിലെ ജി.പി.എസ് സംവിധാനത്തിലൂടെ ലൊക്കേഷന്‍ മനസിലാക്കിയ പോത്തന്‍കോട് പൊലീസ് വഞ്ചിയൂര്‍, പൂന്തുറ പൊലീസിനെ അറിയിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.