തിരുവനന്തപുരം: ഐടി നഗരത്തില്‍ യുവതീ യുവാക്കള്‍ക്കിടയില്‍ വേദന സംഹാരിയായ നൈട്രോസന്‍ ഗുളികയുടെ ഉപയോഗം കൂടുന്നുവെന്ന് പോലീസ്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും വിഷാദ രോഗികള്‍ക്കും വേദന സംഹാരിയായി നല്കുന്ന ഗുളികയാണിത്.
30 നൈട്രോസന്‍ ഗുളികകളുമായി മുട്ടത്തറ പെരുന്തല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ അനീഷ് (20) കഴക്കൂട്ടം എക്സൈസ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. ഇയാള്‍ പിടിയിലായത് ടെക്കികള്‍ക്ക് കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം ഗുളിക കൈമാറുന്നതിനിടെയാണ്. മാസങ്ങളായി ഗുളിക വാങ്ങുന്നവരെ നിരീക്ഷിച്ചപ്പോഴാണ് അനീഷിനെ പിടികിട്ടിയത്. ഈ ഗുളിക മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ നല്‍കില്ല. അനധികൃതമായി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു ശേഖരിക്കുന്ന ഗുളിക തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് വില്‍ക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.
മുട്ടത്തറ സ്വദേശിയായ ലഹരി ഗുളികകളുടെ മൊത്ത വില്‍പനക്കാരനെക്കുറിച്ച് എക്സൈസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 450 രൂപയാണ് 10 ഗുളികയ്ക്ക് വാങ്ങിയിരുന്നത്. മാസങ്ങളായി ഈ ഗുളികകള്‍ കഴക്കൂട്ടത്ത് വില്പന നടത്തുന്നതായും പെണ്‍കുട്ടികളാണ് ഇത് കൂടുതല്‍ വാങ്ങുന്നതെന്നും കഴക്കൂട്ടം എക്സൈസ് പറഞ്ഞു.
ഗുളിക ഉപയോഗിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂര്‍ വരെ ബോധമില്ലാതെ ഉറങ്ങും. ടെക്കികള്‍ അവധി ദിവസങ്ങളിലാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ആദ്യം ലഹരിക്കായി ഉപയോഗം തുടങ്ങുകയും ക്രമേണ ഇതിന് അടിമപ്പെടുകയും ചെയ്യും. ഈ ഗുളിക ഉപയോഗിക്കുന്നവര്‍ വിഷാദരോഗത്തിനടിമപ്പെടുകയും തുടര്‍ന്ന് അവരുടെ ആരോഗ്യസ്ഥിതി മോശമാകുകയും കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.