നഷ്ടപ്രണയം എന്നും മനസ്സിന്റെ വിങ്ങല്‍ തന്നെയാണ്. ആത്മാര്‍ത്ഥ പ്രണയമാണെങ്കില്‍ കാലങ്ങള്‍ കഴിഞ്ഞാലും അത് വേദനയായി തന്നെ മനസ്സില്‍ കിടക്കും. ബ്രേക്കപ്പായ പ്രണയത്തിന്റെ കാത്തിരിപ്പിന്റെ കഥ പറയുകയാണ് 666 ബലൂണുകള്‍. പ്രണയിനിയെ നഷ്ടപ്പെട്ടതിന്റെ 666ാമത്തെ ദിവസമാണ് യുവാവ് 666 ബലൂണുകള്‍ വീര്‍പ്പിച്ചു കെട്ടിയത്.
തൃശൂര്‍ കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിന്റെ വശത്തു വഴിവക്കിലാണ് യുവാവ് ഒറ്റക്ക് 666 ബലൂണ്‍ ഊതി വീര്‍പ്പിച്ചു കെട്ടിയത്. ‘ ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസായി ഇത്രേം ദിവസം കാത്തിരുന്നുഅതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’. തനി തൃശ്ശൂര്‍ ഭാഷയില്‍ യുവാവ് പറയുന്നു.
‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ.’ എന്നും നിരഞ്ഞ ചിരിയോടെ യുവാവ് പറയുന്നു. പ്രണയത്തിന്റെ പേരില്‍ കാമുകിയെ വെടിവച്ചു കൊല്ലുകയും, വീട്ടില്‍ കയറി കുത്തിക്കൊല്ലുകയും ചെയ്യുന്ന ഇക്കാലത്താണ് ആര്‍ക്കും ഉപദ്രവമില്ലാതെ ഹൃദയം പോലുള്ള ബലൂണുകള്‍ തനിച്ച് ഊതി വീര്‍പ്പിച്ച് വിജനമായ സ്ഥലത്ത് കെട്ടുന്ന യുവാവ് ശ്രദ്ധേയനാവുന്നത്.
പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ ഓരോന്നായി ഊതി നിറച്ചു കെട്ടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാവിലെയാണു ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്.
മണിക്കൂറുകളെടുത്താണ് 666 ബലൂണുകള്‍ യുവാവ് ഊതി നിറയ്ച്ചത്. കാറ്റടിയ്ക്കാന്‍ നിരവധി ഉപകരണങ്ങള്‍ നിലവിലുണ്ടെങ്കിലും സ്വയം ഊതി അയാള്‍ ബലൂണുകള്‍ വീര്‍പ്പിച്ചു. അവശനായിട്ടും വിടാതെ എണ്ണം തികച്ചു. വഴിയേ പോയവരൊക്കെ കൗതുകം കൊണ്ടു ചോദിച്ചു. എല്ലാവരോടും പ്രണയം മുറിഞ്ഞു പോയ കഥ തന്നെ പറഞ്ഞു.