കൊച്ചി: കേരളാ ടൂറിസത്തിന് പുതിയ ആവേശം നൽകിക്കൊണ്ട് കോർഡേലിയ ക്രൂസ് കപ്പൽ സഞ്ചാരികളുമായി എത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുമായാണ് കോർഡേലിയ ക്രൂയിസസിന്റെ കപ്പൽ കൊച്ചിയിൽ എത്തിയത്. വേലകളി, പഞ്ചവാദ്യം, താലപ്പൊലിയൊക്കെ ഒരുക്കിയാണ് മുംബൈയിൽ നിന്നും പുറപ്പെട്ട ക്രൂസ് കപ്പലിനെ വരവേറ്റത്. ആഡംബര നൗകകൾക്കായി ഒരുക്കിയിരിക്കുന്ന പുതിയ ടെർമിനലിലാണ് സഞ്ചാരികൾ ഇറങ്ങിയത്.
399 ആഭ്യന്തര വിനോദ സഞ്ചാരികളുമായാണ് കൊച്ചിയിൽ കപ്പലെത്തിയത്. മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്നതാണ് കോർഡിലിയ ക്രൂസ് കപ്പൽ.
കോവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ സന്ദർശകർക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവർ ചേർന്ന് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
കപ്പലിലെ 182 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകൾ അടുത്തറിയാനായി തീരത്ത് ഇറങ്ങിയത്. 217 സഞ്ചാരികൾ കൊച്ചിയിലിറങ്ങി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. അതേസമയം കൊച്ചിയിൽ നിന്ന് ഏകദേശം 800 വിനോദ സഞ്ചാരികൾ ആഡംബര കപ്പലിൽ കയറും.