പാലക്കാട്: പോലീസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ചെരുപ്പ് സല്യൂട്ട് നല്കി പാലക്കാട് അഞ്ച് വിളക്കിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി ഒല്ലൂരില്‍ എസ്ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത്.
എംപിയെ സല്യൂട്ട് ചെയ്യാന്‍ നിലവില്‍ ചട്ടമില്ലെന്നും ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് പണികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം, സല്യൂട്ട് നല്കുന്നതില് രാഷ്ട്രീയ വിവേചനം പാടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.