കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം റിസബാവയ്ക്ക് കൊവിഡ്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരം നാളെ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.
55 വയസ്സായിരുന്നു. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പൊടുന്നനെയുള്ള താരത്തിന്റെ വിയോഗം സിനിമാ മേഖലയെ ഒന്നടങ്കം സങ്കട കടലിലാഴ്ത്തി. നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാല്‍ റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് – ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തതോടെയാണ്. ജോണ്‍ ഹോനായ് എന്ന കഥാപാത്രം റിസബാവയുടെ സിനിമാ ജീവിതത്തില്‍ നാഴിക കല്ലായി മാറി.