അതിരപ്പിള്ളി: പൂര്‍ണ്ണ ഗര്‍ഭിണിയായ പുള്ളിമാന്റെ ശരീരത്തില്‍ മരകൊമ്പ് ഒടിഞ്ഞു വീണ് കുഞ്ഞിന് ദാരുണാന്ത്യം. മരക്കമ്പില്‍ കുടുങ്ങി, അമ്മയുടെ വയറ്റില്‍നിന്നു പകുതി പുറത്തേയ്ക്കു വന്ന നിലയിലായിരുന്നു കുഞ്ഞ്. രക്ഷിക്കാന്‍ റബര്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒപ്പമുണ്ടായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് കാലടി പ്ലാന്റേഷന് റബര്‍ തോട്ടത്തില്‍ മേയാനെത്തിയ പുള്ളിമാന്‍ അപകടത്തില്‍ പെടുന്നത്. തോട്ടത്തിലെ ജോലി കഴിഞ്ഞു മടങ്ങും വഴിക്കാണ് തൊഴിലാളികള്‍ ദാരുണ ദൃശ്യം കണ്ടത്.
കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. കാര്യമായ അനക്കമില്ലെന്നു കണ്ടതോടെ അമ്മയെ എങ്കിലും രക്ഷിക്കാമെന്നു കരുതി കുഞ്ഞിനെ വലിച്ചു പുറത്തെടുത്തു. ഫോണിനു റേഞ്ച് ഇല്ലാത്ത സ്ഥലമായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പെട്ടെന്ന് ആരെയും വിളിച്ചുവരുത്താനും സാധിക്കാത്ത അവസ്ഥയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തതിനു പിന്നാലെ അപകട വിവരം വനപാലകരെ അറിയിച്ചു. അവരെത്തി മാനിനെ ഏറ്റുവാങ്ങി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയും ചെയ്തു.