കൊല്ലം: സ്വകാര്യ ബസിൽ നിന്നിറങ്ങിയ യുവതിയുടെ ബാഗിൽ നിന്നും പണം കവരാൻ ശ്രമിച്ച തമിഴ് നാടോടി യുവതി പോലീസ് പിടിയിൽ. ബാഗ് തുറന്ന് പണമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തെങ്കാശി റെയിൽവേ പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന കാളീശ്വരി(35) പിടിയിലായത്.
കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുള്ള സ്റ്റോപ്പിൽ ബസിറങ്ങിയ വെള്ളിമൺ ശ്യാമളാലയം വീട്ടിൽ രേവതിയുടെ ബാഗ് തുറന്നാണ് മോഷണത്തിനു ശ്രമിച്ചത്.
ബാഗ് തുറക്കുന്നതു കണ്ട രേവതി ശബ്ദമുണ്ടാക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവരും ഈസ്റ്റ് പോലീസും ചേർന്ന് യുവതിയെ പിടികൂടി. ഇവരെ റിമാൻഡ് ചെയ്തു.