തൃശ്ശൂര്‍: തൃശ്ശൂരില്‍ വയോധികരായ അച്ഛനെയും അമ്മയെയും മകന് തലക്കടിച്ച് കൊലപ്പെടുത്തി. ചേര്‍പ്പ് അവിണിശ്ശേരി ഏഴു കമ്പനിക്ക് സമീപമാണ് സംഭവം. അവിണിശേരി സ്വദേശി കറുത്തേടത്ത് രാമകൃഷ്ണന് (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മകന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദീപ് ഇരുമ്പ് കമ്പി കൊണ്ട് അച്ഛനെയും അമ്മയെയും തലയിലും, കഴുത്തിലും ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി ഏഴ് മണിയോടെയായിരുന്നു അക്രമം. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന് ഇതിനിടെ മരണമടയുകയായിരുന്നു. പിന്നീട് തങ്കമണിയും മരിക്കുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നും പറയുന്നു. ഇയാളെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസം വഴക്കിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ പ്രദീപിന്റെ ഭാര്യയും മക്കളും വീട്ടിലേയ്ക്ക് പിണങ്ങി പോയിരുന്നു. മറ്റൊരു മകന് പ്രസാദ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. കൊലപാതക വാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് നാട്.