ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന മലയാളി നഴ്സിന്റെ പരാതിയില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. ഡല്‍ഹി പോലീസ് ആണ് യുവതിയുടെ സഹപ്രവര്‍ത്തകനായ ഗ്രീനു ജോര്‍ജിനെ പിടികൂടിയത്. കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഗ്രീനു. 2014 മുതല്‍ വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് യുവതിയുടെ പരാതി.
നഴ്സിങ് പഠനത്തിനു ശേഷം ജോലി തേടി ഡല്‍ഹിയിലെത്തിയ യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു ഗ്രീനു. 2015 മേയില്‍ താമസസ്ഥലത്തു വച്ചു ശീതളപാനീയത്തില്‍ ലഹരിമരുന്നു കലര്‍ത്തി മയക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ ബഹളം വച്ചപ്പോള്‍ യുവാവ് പിന്മാറിയെന്നും പരാതിയില്‍ യുവതി പറയുന്നു. എന്നാല്‍ തന്റെ അശ്ലീല ചിത്രങ്ങള്‍ ഇതിനിടെ പകര്‍ത്തിയെന്നും യുവതി ആരോപിച്ചു.
പിന്നീട് ഓഗസ്റ്റില്‍ ചണ്ഡിഗഡില്‍ വച്ചും പീഡിപ്പിക്കാന്‍ ശ്രമം നടത്തി. ഇരുവരുടെയും ബന്ധം അറിഞ്ഞ യുവാവിന്റെ കുടുംബം വിവാഹത്തിനു സമ്മതം നല്‍കിയെന്നും കുടുംബത്തോടൊപ്പം പല തവണ താമസിച്ചുവെന്നും യുവതി പറയുന്നു. ഇതിനിടെ 2019 ഒക്ടോബര്‍ 11നു യുവാവ് തന്നെ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കണമെന്നുള്ള ആവശ്യം തള്ളിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.