കണ്ണൂര്‍: കണ്ണൂരില്‍ യുവതി ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമാണെന്ന രീതിയിലുള്ള ശബ്ദസന്ദേശങ്ങള്‍ പുറത്ത്. പയ്യന്നൂരിലെ വെള്ളൂര്‍ ചേനോത്തുവീട്ടില് വിജീഷിന്റെ ഭാര്യ സുനിഷയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. സുനിഷയും ഭര്‍ത്താവും ഭര്‍തൃമാതാവും തമ്മില്‍ തര്‍ക്കിക്കുന്നതെന്ന രീതിയിലുള്ള വോയ്സ് ക്ലിപ്പും തന്നെ രക്ഷിക്കണമെന്നു സുനിഷ സഹോദരനോടു ഫോണില്‍ പറയുന്നുവെന്ന രീതിയിലുള്ള വോയ്സ് ക്ലിപ്പുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വീട്ടിലെ കുളിമുറിയില്‍ വെന്റിലേഷനില്‍ തൂങ്ങിയ നിലയിലായിരുന്നു സുനിഷയെ കണ്ടെത്തിയത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസത്തിലാണ് സുനിഷയുടെ കുടുംബം. ‘എന്റെ മോള് ചാവൂല… അത്രയും സ്നേഹമാണ് എന്റെ മോള്‍ക്ക് എന്നോട്.’- സുനിഷയുടെ മാതാവ് വനജ പറയുന്നു.
ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വിളിക്കാറുണ്ടെന്ന് സുനിഷയുടെ വല്യമ്മ പറയുന്നു. അവര്‍ തല്ലുന്നുവെന്നും ഞാന്‍ വീട്ടിലേക്ക് വരുന്നുവെന്നും സുനിഷ പറയാറുണ്ട്. വീട്ടിലേക്ക് വരാന്‍ സുനിഷയോട് പറഞ്ഞിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ഞങ്ങളെ വിളിക്കുന്നതു കൊണ്ട് ഫോണ്‍ എറിഞ്ഞു നശിപ്പിച്ചു, വല്യമ്മ പറഞ്ഞു. പൊലീസ് ഇതുവരെയും അന്വേഷണത്തിനായി വീട്ടില്‍ എത്തിയില്ലെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തി. മരണം ഗാര്‍ഹിക പീഡനമാണെന്ന് സുനിഷയുടെ അമ്മാവന് മാധവന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സുനിഷയുടെ ശബ്ദ സന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിവിധ മേഖലകളിലുള്ളവര്‍ സുനിഷയുടെ വീട് സന്ദര്‍ശിച്ചു. ‘നീയെല്ലാം റെക്കോര്‍ഡ് ആക്കിക്കൊള്ളൂ’ എന്നും ‘എവിടെ വേണമെങ്കിലും പോയി പറഞ്ഞോളൂ’ എന്നും ഭര്‍ത്താവ് വിജീഷ് പറയുന്നതു ക്ലിപ്പിലുണ്ട്. ‘നീ തല്ലിയതും ഞാന്‍ റെക്കോര്ഡാക്കു’മെന്നും ‘നിന്റമ്മ മുടിക്കു പിടിച്ച് കുത്തിയതും പറയുമെന്നു’ സുനിഷ പറയുന്നതും ‘നീ എവിടെ വേണമെങ്കിലും പോയി പറഞ്ഞോ’ എന്നു വിജീഷിന്റെ അമ്മ പറയുന്നതും വോയ്സ് ക്ലിപ്പില്‍ ഉണ്ട്.
‘ഏട്ടാ ഞാന്‍ എട്ടന് പറയുന്നതെല്ലാം കേള്‍ക്കാന്‍ തയാറാണെന്നും എന്നെ കൂട്ടാന്‍ വരണമെന്നും’ സഹോദരനോടുള്ള ഫോണ്‍ സംഭാഷണത്തില്‍ സുനിഷ പറയുന്നു. ‘ഞാന്‍ വീട്ടിലേക്കു വരാന്‍ തയാറാണെന്നും എന്നെ കൂട്ടാന്‍ വന്നാല്‍ ഒപ്പം വരാമെന്നും ഇവനും ഇവന്റെ അമ്മയും എന്തെങ്കിലും ചെയ്തോട്ടെ’ എന്നും സുനിഷ പറയുന്നതും ഇതേ ക്ലിപ്പിലുണ്ട്. എന്നാല്‍ ഇത്തരം പരാതി 6ന് നടന്ന ചര്‍ച്ചയില്‍ സുനിഷയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ. നായര്‍ പറയുന്നത്.
‘സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചവര്‍ക്കു ലഭിച്ചതെങ്ങനെയെന്നും അന്വേഷിക്കും. ഈ ഓഡിയോ ക്ലിപ്പുകള്‍ ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കിയിട്ടില്ല.’