കോഴിക്കോട്: കേരളത്തെ ഒന്നടങ്കം നടുക്കിയ കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജു സക്കറിയ വിവാഹമോചന ഹര്‍ജി നല്കി. കോഴിക്കോട് കുടുംബക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. വിവാഹമോചന ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.
ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. ഭക്ഷണത്തില്‍ വിഷവും സയനൈഡും കലര്‍ത്തിയായിരുന്നു കൊലപാതകം.
തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പെടുത്താനായി വ്യാജമൊഴി നല്‍കിയെന്നും ഷാജുവിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. 2017ലായിരുന്നു ഇരുവരുടെയും വിവാഹം. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്.
എന്നാല്‍ ഈ രണ്ടു മരണങ്ങളും ഇവരുടെ കുടുംബത്തില്‍ നടന്ന മറ്റ് നാല് മരണങ്ങളും കൊലപാതകമാണെന്നു 2019 ഒക്ടോബറില്‍ പോലീസ് കണ്ടെത്തി. ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന് എംഎം മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരാണ് 2002 നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്.