കണ്ണൂർ: മട്ടന്നൂർ കളറോഡിൽ കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രികൻ കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദർ തോമസ്കുട്ടി(28) ആണ് മരിച്ചത്.
അപകടത്തിൽ സാരമായി പരിക്കേറ്റ കാർ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായൻ ആശ്രമം ഡയറക്ടർ ഫാദർ റോയി മാത്യു വടക്കേൽ(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവർ അജി(45), സിസ്റ്റർ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ആണ് ഫാദർ റോയി മാത്യു വടക്കേൽ.
ഇന്നു രാവിലെ 9.30 ഓടെ കളറോഡ്- പത്തൊമ്പതാംമൈൽ മലബാർ സ്കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങിൽ പങ്കെടുക്കുവാൻ പോകുന്ന സംഘം സഞ്ചരിച്ച കാർ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതിവകുപ്പിന്റെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.