ഇടുക്കി: ഇടമലക്കുടിയില്‍ സാഹസീകമായി ആദിവാസികള്‍ക്ക് വാക്സിനെത്തിച്ച് ദേവികുളത്തെ ആരോഗ്യപ്രവര്‍ത്തകര്‍. കാട്ടുകമ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച പലത്തിലൂടെ ജീവന് പണയംവെച്ചാണ് ഇവര്‍ ആദിവാസി കുടിലുകളില്‍ എത്തി വാക്സിന് നല്‍കുന്നത്.
ദൃശ്യങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍തന്നെയാണ് പുറത്തുവിട്ടത്. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി കൊവിഡിനെ ചെറുക്കാന്‍ സ്വയം സുരക്ഷ ഒരുക്കിയിരുന്ന പഞ്ചായത്തായിരുന്നു. എന്നാല്‍ അവിടെയും കൊവിഡ് എത്തിപ്പെട്ടു. ഈ സാഹചര്യത്തിലാണ് അതിസാഹസികമായി ഇടമലക്കുടിയില്‍ വാക്സിന് എത്തിച്ചത്. ദേവികുളത്തെ ഒരു പറ്റം ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനുമായി കുടികളിലെത്തിയത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവാനന്ദന്, ശ്യാംശശി ഡോ.അജിമോന് എന്നിവരുള്‍പ്പെടെ 17 പേരടങ്ങുന്ന സംഘത്തില്‍ 11 നേഴ്സുമാരും ഉണ്ടായിരുന്നു. ഫോര്‍വീല്‍ ജീപ്പുകളില്‍ വളരെ ബുദ്ധിമുട്ടിയാണ് സംഘം കുടികളില്‍ വാക്സിനുകളെത്തിച്ചത്. മൂന്നുദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 800 ലധികം പേര് പങ്കെടുത്തു.