തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു. ഇതിനോടകം നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന് നിയമസഭ സെക്രട്ടറിക്ക് നല്കിയ കത്തിലാണ് 100ലേറെ പേര്‍ക്ക് രോഗബാധയേറ്റുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന് കത്തില്‍ ആവശ്യപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന ഗുരുതര സ്ഥിതിവിശേഷം ഉണ്ടായത്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേര്‍ക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാന്‍ കാരണമായതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.