തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയ്ക്ക് സമീപം കളത്തറയിലാണ് സംഭവം. കാവനംപുറത്ത് വീട്ടില്‍ ജനാര്‍ദ്ദനനാണ് ഭാര്യ വിമലയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ജനാര്ദ്ദനന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മകനും കുടുംബവും ഉറങ്ങിക്കിടന്ന വീട്ടില്‍ വച്ചാണ് പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ജനാര്ദ്ദനന് തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചതോടെയാണ് അര്‍ധരാത്രിയിലെ കൊലപാതക വിവരം പുറംലോകം അറിയുന്നതും.
ജനാര്ദ്ദനന് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ജനാര്‍ദ്ദനന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുന്നതിനെ ചൊല്ലി ഇന്നലെയും വഴക്കുണ്ടായി. ആ തര്‍ക്കമാണ് കൊലയിലെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെങ്ങുകയറ്റക്കാരനായ ജനാര്ദനന് തേങ്ങാവെട്ടുന്ന കത്തികൊണ്ട് വിമലയുടെ കഴുത്തിന് വെട്ടുകയായിരുന്നു.
മകനും ഭാര്യയും കുട്ടിയും വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും കൊലപാതകം അറിഞ്ഞില്ലെന്നാണ് പറയുന്നത്. ശക്തമായ മഴ പെയ്തതാണ് ബഹളം അറിയാതെ പോകാന്‍ കാരണം. കൊല ചെയ്ത ശേഷം ജനാര്ദ്ദനന് അരുവിക്കര പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞു. അതിന് ശേഷം വീട്ടില്‍ നിന്നിറങ്ങി റോഡിലൂടെ നടക്കുന്ന സമയത്താണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.