വിതുര: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൊടിയക്കാല ഊരിലെ മിടുക്കിക്ക് മന്ത്രി ജിആർ അനിൽ നൽകിയ വാക്ക് പാലിച്ചു. അശ്വിനിക്കു മന്ത്രിയുടെ വക മൊബൈൽഫോൺ സമ്മാനിച്ചു. ആദിവാസികൾക്ക് റേഷനും ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയപ്പോഴാണ് ഊരിൽനിന്ന് ആദ്യമായി സമ്പൂർണ വിജയം നേടിയ ഈ വിദ്യാർത്ഥിനിയെ കുറിച്ച് മന്ത്രി അറിഞ്ഞത്.
മണിക്കുട്ടൻ-വിനീത ദമ്പതികളുടെ മകൾ അശ്വിനി സായിക്ക് മന്ത്രി ഫലകം നൽകി ആദരിക്കുകയും ചെയ്തു. അന്ന് ഡിജിറ്റൽ പഠന സൗകര്യത്തിനായി മൊബൈൽഫോൺ വാങ്ങി നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്ന് തിരുവോണനാളിൽ മന്ത്രി വാങ്ങിനൽകിയ മൊബൈൽ ഫോൺ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ വിദ്യാർത്ഥിയുടെ വീട്ടിലെത്തി കൈമാറി.
സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി എംഎസ് റഷീദ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് പുറുത്തിപാറ സജീവ്, ഉരുളുകുന്ന് സന്തോഷ്, ശങ്കർ, സനീഷ് എന്നിവർ പങ്കെടുത്തു.