കുറവിലങ്ങാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീടിനോടു ചേര്‍ന്നു ഗുഹാമുറി നിര്‍മിച്ചു ശ്രദ്ധ നേടിയ പകലോമറ്റം ഞരളംകുളം ചാരുത വീട്ടില്‍ സിആര്‍ വര്‍ഗീസിന് ദാരുണാന്ത്യം. 58 വയസായിരുന്നു. സംസ്കാരം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍ നടത്തി.
വീടിനോടു ചേര്‍ന്നു ഗുഹാമുറി നിര്‍മിച്ചു ശ്രദ്ധ നേടിയ വര്‍ഗീസ് പുരാവസ്തു ശേഖരണത്തിലും മികവു തെളിയിച്ചിരുന്നു. തിരുവോണനാളില്‍ രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു വീട്ടിലേക്കു പോവുകയായിരുന്ന വര്‍ഗീസിന്റെ സ്കൂട്ടറില്‍ എതിരെ വന്ന കാര്‍ തട്ടിയെന്നും സ്കൂട്ടര്‍ മറിഞ്ഞു റോഡില്‍ തെറിച്ചു വീണതാകാമെന്നും പോലീസ് പറഞ്ഞു.
അതേസമയം, ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടം നടന്നയുടന്‍ സമീപവാസികള്‍ ഓടിയെത്തി വര്‍ഗീസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ ലഭിച്ചില്ല. 10 മിനിറ്റിനു ശേഷം അതുവഴി വന്ന പിക്കപ് വാനിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ: ലില്ലി, മകള്‍ ബിബിന്‍.