മഞ്ചേരി: വിവാഹ ഫോട്ടോയെടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു. ജനഹൃദയങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയ ജനകീയ ഫൊട്ടോഗ്രഫര്‍ ടി കൃഷ്ണ പ്രസാദ് ആണ് മരിച്ചത്. തിരുവോണ ദിവസം ഉച്ചയ്ക്ക് പ്രസാദിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത നാടിനെയും സുഹൃത്തുക്കളെയും നടുക്കി.
കിഴിശ്ശേരി വിളയില്‍ സമീപം വിവാഹ ഫോട്ടോ എടുക്കുന്നതിനിടെ ആണ് കുഴഞ്ഞു വീണ് അന്ത്യം. ഉദ്ഘാടനങ്ങള്‍, സമ്മേളനങ്ങള്‍, തിരഞ്ഞെടുപ്പ് വിജയങ്ങള്‍, ധര്‍ണകള്‍, സമരങ്ങള്‍ ഉത്സവങ്ങള്‍ മത ചടങ്ങുകള്‍, വിവാഹം മറ്റ് സ്വകാര്യ ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ പ്രസാദിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
പത്രങ്ങള്‍ക്കും പബ്ലിക് റിലേഷന്‍സ് വകുപ്പിനും വേണ്ടി എണ്ണമറ്റ ഫോട്ടോകള്‍ എടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങി ജില്ലയില്‍ എത്തിയ ഒട്ടുമിക്ക ദേശീയ, സംസ്ഥാന നേതാക്കള്‍ പ്രസാദിന്റെ ക്യാമറയില്‍ പതിഞ്ഞു.
കോടതി വിധികളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, അപകടങ്ങള്‍, പ്രളയ ചിത്രങ്ങള്‍, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് വളര്‍ച്ച ഘട്ടങ്ങള്‍, പയ്യനാട് സ്റ്റേഡിയത്തിലെ മത്സരങ്ങള്‍, കോവിഡ് അതിജീവനം തുടങ്ങി 30 വര്‍ഷത്തെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഫോട്ടോ ശേഖരത്തിലുണ്ട്.