കൊച്ചി: കേരളക്കരയൊന്നാകെ പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാനുള്ള തത്രപാടിലാണ്. കാലവര്‍ഷകെടുതിയില്‍ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നഷ്ടം 8316 കോടിയെന്നാണ് പ്രാഥമിക കണക്ക്. കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളത്തില്‍ വീടുകളും റോഡുകളും തകര്‍ന്നടിഞ്ഞു. മഴ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് 23 ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് പ്രളയ കെടുതിയിലേയ്ക്ക് തള്ളിവിട്ടു.
ഇടയ്ക്ക് മഴ കുറഞ്ഞത് ജനങ്ങളില്‍ നിലനിന്നിരുന്ന ആശങ്കകള്‍ ഒഴിവാക്കാനിടയായി. പല ഡാമിന്റെ ഷട്ടറുകളും അടച്ചു. എന്നാല്‍ മഴ വീണ്ടും കനക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ഷട്ടറുകള്‍ തുറക്കേണ്ടി വരുമോ എന്ന ആശങ്ക നിലനില്ക്കുന്നു. സംസ്ഥാനത്ത് നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്കായി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ മേഖലകളില്‍ നിന്നും സഹായ ഹസ്തങ്ങള്‍ ഒഴുകിയെത്തി. ആ സഹായങ്ങളില്‍ കുഞ്ഞു കുട്ടികളുടെ കൊച്ചു സമ്പാദ്യം പോലുമുണ്ട്.
എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി മലയാളികളുടെ ഉള്ളു പൊള്ളിച്ചുകൊണ്ടുള്ള സംഭാവനയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഭിന്നശേഷിക്കാരനായ സ്വാലിഹ് വളാഞ്ചേരി എന്ന യുവാവ് അദ്ദേഹത്തിനു ലഭിക്കുന്ന പെന്ഷന് തുകയാണ് ദുരിതാശ്വസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്. തന്റെ കൊച്ചു സമ്പാദ്യം പ്രളയ ബാധിതര്‍ക്കായി വച്ചു നീട്ടിയത് ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഈ തീരുമാനത്തിന് സമൂഹമാധ്യമങ്ങള്‍ കൈയ്യടിച്ചു.