കൊല്ലം: ഓണക്കാല തിരക്കില്‍ മോഷണത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയില്‍. ശാസ്താംകോട്ടയിലാണ് സംഭവം. തമിഴ്നാട്ടുകാരായ സ്ത്രീകളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശികളായ കാളിയമ്മ, മാരിയമ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണം നടത്തുന്നതിനിടെ ഇരുവരെയും ശാസ്താംകോട്ടയില്‍ വച്ചാണ് പിടികൂടിയത്. ശാസ്താംകോട്ട സ്വദേശി അന്പത്തിയഞ്ചു വയസുകാരി വസന്തയുടെ മാല കവരാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാര്‍ പിടികൂടിയത്. മാലപൊട്ടിക്കാനുളള ശ്രമം നടക്കാതെയായപ്പോള്‍ പഴ്സ് മോഷ്ടിക്കാനും ശ്രമിച്ചു.
പിടിയിലായവരുടെ കൈവശം രേഖകളൊന്നും ഇല്ലാത്തതിനാല്‍ ഇവരുടെ മേല്‍വിലാസം ഉള്‍പ്പെടെ വിശദമായി പരിശോധിക്കണം. നേരത്തെ ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടോയെന്നും വ്യക്തമല്ല. കടകളിലും മറ്റുമുളള സിസിടിവി ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് പൊലീസ് നിര്‍ദേശം നല്കി.
ഓണക്കാലത്ത് ബസുകളിലും പൊതുയിടങ്ങളിലും തിരക്ക് ഉണ്ടാകുമെന്നതിനാല്‍ മോഷ്ടാക്കളുടെ സാന്നിധ്യം തളളിക്കളയാനാവില്ല, ജാഗ്രതവേണമെന്ന് പൊലീസ് പറഞ്ഞു.