തിരുവനന്തപുരം: കോവിഡ് പിടിയിലകപ്പെട്ട കേരളത്തിന് താങ്ങായി വാക്സിന് ചലഞ്ചിലൂടെ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 817.50 കോടി രൂപ. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റുകള്‍, ടെസ്റ്റ് കിറ്റുകള്‍, വാക്സീന് എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി ചെലവാക്കി. ഇതുവരെ വാക്സിന് കമ്പനികളില്‍ നിന്നും സംഭരിച്ച 8,84,290 ഡോസിന്റെ വിലയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ആകെ 13,42,540 ഡോസ് വാക്സീനാണ് സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചത്.
കമ്പനികളില്‍ നിന്നു നേരിട്ട് വാക്സീന് സംഭരിക്കുന്നതിനായി 29.29 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് വിലയിടുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ വാക്സിന് ചലഞ്ചിന് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ പൗരന്മാര്ക്ക് പൂര്‍ണമായും സൗജന്യ നിരക്കില്‍ വാക്സിന് നല്‍കാനായിരുന്നു പദ്ധതി.
പിന്നീട് കേന്ദ്രം വാക്സിന് നയം പുതുക്കിയെങ്കിലും സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി ചലഞ്ച് തുടര്‍ന്നു. ബീഡി തൊഴിലാളികളും വിദ്യാര്‍ത്ഥികളും വ്യവസായികളും ചലഞ്ച് ഏറ്റെടുത്തു. പ്രവാസികളും ചലഞ്ചിലേക്ക് പണം നല്‍കിയിരുന്നു. സംസ്ഥാനത്ത് ആര്‍ക്കും പണമില്ലാത്ത കൊവിഡ് ചികിത്സയോ വാക്സിനോ ലഭിക്കാതിരിക്കരുതെന്നായിരുന്നു ക്യാംപെയ്ന്. സോഷ്യല്‍ മീഡിയ കൂടി ക്യാംപെയന്‍ ഏറ്റെടുത്തതോടെ ചലഞ്ച് വന്‍ വിജയമായി തീരുകയായിരുന്നു.