നെടുമങ്ങാട്: പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയ റിട്ട.കെഎസ്ആര്‍ടിസി ജീവനക്കാരന് മരിച്ചു. മുല്ലശേരി നെല്ലിവിള പത്മ വിലാസത്തില്‍ വിജയമോഹനന്‍ നായര്‍ (മണിയന് 68) ആണ് മരിച്ചത്. മകള്‍ എന്ന് അവകാശപ്പെട്ട് എത്തിയ യുവതിയെ തലക്ക് മണ്‍വെട്ടി കൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷമായിരുന്നു ആത്മഹത്യ.
ഇന്നലെ വൈകിട്ടാണ് സംഭവം. വട്ടപ്പാറ പൊലീസ് സ്റ്റേഷന് പരിധിയിലെ പ്ലാത്തറയില്‍ അനുജന് സതീഷ് കുമാറിന്റെ വീടിന് മുന്നില്‍ വെച്ചാണ് വിജയമോഹനന്‍ ആത്മഹത്യ ചെയ്തത്. മകള്‍ എന്ന് അവകാശപ്പെട്ട് മുല്ലശേരി അമ്പലക്കടവ് സ്വദേശിനി സരിത (42) വിജയമോഹനന്റെ വീട്ടില്‍ എത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കഴിഞ്ഞദിവസം വിജയമോഹനന്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും ഇന്നലെ രാവിലെ സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. ഇവരോട് എസ്ഐ ധാരണ ഉണ്ടാക്കി ഒപ്പ് വയ്പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പിടാന്‍ വിസമ്മതിച്ച് സരിത ഇറങ്ങിപ്പോകുകയായിരുന്നു.
സരിതയെ തന്റെ അടുക്കലേക്ക് പറഞ്ഞ് വിടുന്നത് അനുജന് ആണെന്ന് ധാരണയിലായിരുന്നു വിജയമോഹനന്‍. ഇന്നലെ വൈകിട്ട് 5.30 ന് സരിത വീണ്ടും വിജയമോഹനന്റെ വീട്ടില്‍ എത്തി ബഹളം ഉണ്ടാക്കി. ഇതില്‍ ക്ഷുഭിതനായ വിജയമോഹനന്‍ സമീപത്ത് കിടന്ന മണ്‍വെട്ടിക്കൈ എടുത്ത സരിതയുടെ തലയില്‍ അടിക്കുകയായിരുന്നു.
ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരിതയെ തന്റെ അടുക്കലേക്ക് പറഞ്ഞ് വിടുന്നത് അനുജന് ആണെന്ന് ധാരണയില്‍ വിജയമോഹനന്‍ നായര്‍ സതീഷുമായി അകല്‍ച്ചയിലായിരുന്നു. പെട്രോളും ആയുധവുമായി എത്തിയ വിജയമോഹനനെ കണ്ടപ്പോള്‍ അനുജന് വീട്ടിനുള്ളില്‍ കയറി വാതില്‍ അടച്ചു. ഇതിനിടെ വിജയമോഹനന്‍ സ്വയം തീ കൊളുത്തി. ഭാര്യ ഇന്ദിര. മക്കള്‍ സതീഷ് കുമാര്‍, സന്ധ്യ.