തിരുവനന്തപുരം: മലപ്പുറം ജില്ലയിലൊഴികെ, സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ അധികം കിടക്കുന്നത് 49,052 സീറ്റുകളാണ്. 2012-നുശേഷം ആദ്യമായാണ് ഇത്രയും സീറ്റുകള്‍ മിച്ചം വരുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 5,05,328 കുട്ടികളാണ്. ഇവരില്‍ 3,87,721 പേര് മാത്രമാണ് ക്ലാസില്‍ ചേര്‍ന്നത്.
പ്രവേശനത്തിന്റെ ആദ്യഘട്ടത്തില്‍ സീറ്റ് തികയില്ലെന്ന് ആശങ്കയുണ്ടായിരുന്നതിനാല്‍ ആദ്യം 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു. പിന്നീട് ചില ജില്ലകളില്‍ 10 ശതമാനം സീറ്റുകള്‍ കൂടി കൂട്ടി. ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് ആറിന് അവസാനിപ്പിച്ചതാണ്. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് കുട്ടികള്‍ തീരെ കുറവുള്ള തെക്കന്‍ ജില്ലകളിലെ ഏഴ് സ്കൂളുകളിലെ പ്ലസ് വണ്‍ ബാച്ചുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടായിരുന്നത് മലപ്പുറത്താണ്. മലപ്പുറത്ത് 520 മെറിറ്റ് സീറ്റുകള്‍ കൂടി ബാച്ച് മാറ്റത്തെത്തുടര്‍ന്ന് ലഭിക്കും. ഈ സീറ്റുകളിലെല്ലാം പ്രവേശനം നടന്നാലും മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഒഴിവുള്ള സീറ്റുകളുടെ എണ്ണം വളരെ കൂടുതലാണ്.
ഏകജാലകം വഴിയുള്ള ജനറല്‍ മെറിറ്റില്‍ 17,139 സീറ്റുകളാണ് ഇത്തവണ ഒഴിഞ്ഞ് കിടക്കുന്നത്. മാനേജ്മെന്റ് ക്വാട്ട- 4249, അണ് എയ്ഡഡ് സീറ്റുകള്‍- 27,664. ആകെ ഒഴിവുകള്‍ 49,052 ആകുന്നത് ഈ മൂന്ന് വിഭാഗങ്ങളും ചേരുമ്പോഴാണ്. ഏറ്റവും പിന്നില്‍ 108 സീറ്റുകള്‍ മാത്രം മിച്ചമുള്ള തിരുവനന്തപുരം ജില്ലയാണ.് മെറിറ്റില്‍ ഏറ്റവും അധികം സീറ്റുകള്‍ മിച്ചമുള്ളത് പത്തനംതിട്ട ജില്ലയിലാണ് – 2,747 സീറ്റുകള്‍.