മാന്നാർ: അവധി ദിനമായ ഞായറാഴ്ച രാത്രി വില്ലേജ് ഓഫീസിനുള്ളിൽ മദ്യപിച്ചു ബോധംകെട്ടുകിടന്ന അതേ ഓഫീസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. കുരട്ടിശ്ശേരി വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ തിരുവനന്തപുരം പാറശാല വലിയവിള പുത്തൻ വീട്ടിൽ ജയകുമാർ (39), മാന്നാർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് നെടുമുടി എൺപതിൽചിറ വീട്ടിൽ അജയകുമാർ (43)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അജയകുമാർ ഇപ്പോൾ ചെന്നിത്തല ചെറുകോലിലാണു താമസം.
പോലീസ് മാന്നാർ വില്ലേജ് ഓഫീസിൽനിന്ന് ഇരുവരേയും അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച രാത്രി എട്ടു മണിയോടെ വില്ലേജ് ഓഫീസിനുള്ളിൽ വെളിച്ചം കണ്ടതോടെ ഇതുവഴി പോയ നാട്ടുകാരാണ് ഇക്കാര്യം ശ്രദ്ധിച്ചത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇൻസ്പെക്ടർ ജി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. രണ്ടുപേരും അമിതമായി മദ്യപിച്ചു ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു.