ചെങ്ങളം; പൂച്ചയെ ഓടിക്കുന്നതിനിടെ തെരുവുനായയുടെ തല ഗേറ്റിന്റെ കമ്പികള്‍ക്കിടയില്‍ കുടുങ്ങി. 3 മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് നായയെ രക്ഷിക്കാന്‍ സാധിച്ചത്. ഏലപ്പള്ളി പാലത്തിനു സമീപം പുത്തന്‍പറമ്പില്‍ ഷാജിയുടെ ഗേറ്റിലാണു നായ കുടുങ്ങിയത്. ഒടുവില്‍ നാട്ടുകാര്‍ ഒത്തുപിടിച്ചാണ് നായയുടെ തല പുറത്തെടുത്തത്.
പൂച്ച, എലി, വെരുക് എന്നിവയെ കണ്ടാല്‍ ആക്രമിക്കുന്ന സ്വഭാവക്കാരനാണു നായ. പൂച്ചയെ കണ്ടപ്പോള്‍ ആള്‍ക്കു വെറുതെയിരിക്കാനായില്ല. പിന്നാലെ പാഞ്ഞു. പൂച്ച ഗേറ്റിന്റെ കമ്പികള്‍ക്കിടയിലൂടെ എളുപ്പത്തില്‍ കടന്നു പോയി. അതേപോലെ കടക്കാന്‍ നോക്കിയപ്പോഴാണ് തല കുടുങ്ങിയത്.
വീട്ടുടമസ്ഥന് ഷാജിയും മകന് കണ്ണനും ഏറെ ശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്നിരക്ഷാസേനയെ വിളിക്കാമെന്ന് തീരുമാനിക്കവെ, ഇതുവഴി വന്ന പോളങ്ങയില് രഘു, സജീവ്, റെജി എന്നിവര്‍ രക്ഷാദൗത്യം ഏറ്റെടുത്തു. ഒടുവില്‍ കമ്പി ഉപയോഗിച്ചു ഗേറ്റിന്റെ കമ്പികള്‍ ഇരുവശത്തേക്കും വളച്ചാണ് ഇവര്‍ നായയെ രക്ഷിച്ചത്.