കോഴിക്കോട്: കൊവിഡ് 19 മാനദണ്ഡം പാലിക്കാത്തതിന് നടന് മമ്മൂട്ടിക്കും സംവിധായകനും നടനുമായ രമേഷ് പിഷാരടിക്കുമെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവെക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഇരുവരും ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്.
സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. മെയ്ത്ര ആശുപത്രിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ തീവ്രപരിചരണ ബ്ലോക്കില്ഇരുവരും എത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ആശുപത്രിക്ക് പുറത്തുള്ള സെന്ററിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഡയറക്ടര്‍മാരും ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 42 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അവരെല്ലാം രണ്ടുഡോസ് വാക്സിന് എടുത്തവരായിരുന്നു.ആശുപത്രി ഒ.പി. ബ്ലോക്കിലൂടെയാണ് മമ്മൂട്ടിയെത്തിയത്. അവിടെയുണ്ടായിരുന്ന രോഗികളാണ് മമ്മൂട്ടിയെ കാണാനായി കൂടിയതെന്നും മെയ്ത്ര ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.