പാലാ: ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സിൽ വെങ്കലമെഡൽ നേടി രാജ്യത്തിന് അഭിമാനമാകുമ്പോൾ ടീമംഗവും തന്റെ സുഹൃത്തുമായി പിആർ ശ്രീജേഷിന്റെ നേട്ടങ്ങളിൽ സുഹൃത്ത് നിധീഷിനും അഭിമാനം മാത്രം. മെഡൽ നേട്ടത്തിൽ ശ്രീജേഷിനെ വിളിച്ച് അഭിനന്ദിക്കാനും നിധീഷ് മറന്നില്ല.
1998ൽ ജി.വി.രാജാ സ്കൂളിലെത്തിയപ്പോഴാണ് നിധീഷ് ഹോക്കിയിലേക്ക് തിരിഞ്ഞത്. കേരളത്തിനുവേണ്ടി നിരവധി ദേശീയ മത്സരങ്ങളിൽ കളിച്ചു. ജൂനിയർ, സീനിയർ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു നിധീഷ്. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ പഠിക്കുമ്പോൾ ഹൈദരാബാദിൽ നടന്ന ഇന്ത്യാഫ്രാൻസ് മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
കൊല്ലത്തെ ഫാത്തിമ കോളേജിൽ പഠിക്കുന്ന സമയത്ത് യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റനായിരുന്നു നിധീഷ്. 2015ലും 2017ലും കേരള ജൂനിയർ ടീമിന്റെ കോച്ചും സെലക്ടറുമായി.
അതേസമയം, ജീവിക്കാനായി നിധീഷ് ഇപ്പോൾ വലവൂരിനടുത്ത് മൂന്നുമാസമായി ബേക്കറി നടത്തുകയാണ് നിധീഷ്. സമീപകാലം വരെ ഓട്ടോ ഓടിക്കുകയായിരുന്നു.
ഹോക്കിയുടെ പ്രചാരണത്തിനായുള്ള ശ്രമങ്ങളിലാണ് നിധീഷ്. ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറിയാണ്. ഭാര്യ: ആര്യ. മക്കൾ: ആഭിരത്ത്, ആവണി.