കൊല്ലം: കൊല്ലത്തെ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇപ്പോഴിതാ സര്‍ക്കാര്‍ നടപടിയില്‍ നന്ദി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിസ്മയയുടെ അച്ഛനം സഹോദരനും.
പിരിച്ചുവിടല്‍ ഉത്തരവുമായേ വീട്ടിലേക്ക് വരൂ എന്ന് ഗതാഗതമന്ത്രി പറഞ്ഞിരുന്നു. മന്ത്രി വാക്കുപാലിച്ചു; ആന്റണി രാജുവിനും സര്‍ക്കാരിനും നന്ദി പറയുന്നു. വിസ്മയയോടു ചെയ്ത ക്രൂരതയ്ക്ക് കിരണിന് ലഭിച്ച ശിക്ഷയായി കാണുന്നു- അച്ഛനും സഹോദരനും പറഞ്ഞു.
ഗതാഗതവകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍. അന്വേഷണം പൂര്ത്തിയാകുംമുന്പ് പിരിച്ചുവിടുന്നത് അത്യപൂര്വ്വനടപടിയാണ്. കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടി. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല.
സ്ത്രീധനപീഡനക്കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചുവിടുന്നതും ഇതാദ്യമായാണ്. സ്ത്രീവിരുദ്ധനടപടിയിലൂടെ കിരണ്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവ് കിരണ്‍ കുമാറിന് കോടതിയില്‍ ചോദ്യംചെയ്യാം- മന്ത്രി പറഞ്ഞു.
ജൂണ്‍ 21നാണ് വിസ്മയയെ പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിരണിനെതിരെ സ്ത്രീധനപീഡനത്തിനും ഗാര്‍ഹികപീഡനത്തിനും കേസുണ്ട്.