തിരുവനന്തപുരം: കൊല്ലത്ത് 24കാരിയായ വിസ്മയയെ ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടി. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല. സ്ത്രീധനപീഡനക്കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചുവിടുന്നതും ഇതാദ്യമായാണ്. ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ കുമാര്‍.
ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയതാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം വിസ്മയയുടെ മരണം കൊലപാതകമാണെന്നും ആരോപണമുയര്‍ന്നിരുന്നു.
സംഭവത്തില്‍ കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാകും മുന്‍പാണ് കിരണിനെ പിരിച്ചുവിടുന്നത്. ഇത് അത്യപൂര്‍വ നടപടിയാണ്.