കണ്ണൂര്‍: എസ്എംഎ ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസ്സുകാരന് മുഹമ്മദിന്റെ ചികിത്സയ്ക്കായി കേരളം ഒറ്റക്കെട്ടായി സമാഹരിച്ച തുകയില്‍ നിന്നും അധിക തുക സര്‍ക്കാറിന് കൈമാറും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക വകയിരുത്തിയ ശേഷം ബാക്കിവരുന്ന തുകയാണ് കൈമാറാന്‍ ഒരുങ്ങുന്നത്.
സര്‍ക്കാറിന്റെ സാമൂഹികസുരക്ഷ മിഷനിലേക്കാവും പണം കൈമാറുക. മുഹമ്മദിനെ ബാധിച്ച സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന ജനിതകരോഗത്തിന്റെ മരുന്നിന് നികുതി ഉള്‍പ്പെടെ 18 കോടി രൂപയായിരുന്നു ആവശ്യം. മുഹമ്മദിനായി കേരളം ഒന്നിച്ചപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആവശ്യത്തിലുമധിക തുക അക്കൗണ്ടിലേക്ക് ഒഴുകിയെത്തി.
18കോടിക്ക് പകരം 46.78 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. ഇതിനിടെ വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുമെത്തി. മരുന്നിന്റെ നികുതി കുറയ്ക്കാന്‍ ഇടപെടണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
വിഷയം അനുഭാവപൂര്‍വ്വം പരിഗണിച്ച കേന്ദ്രവും അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെ മരുന്നിന്റെ നികുതി ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്ക#ാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതോടെ 18 കോടി രൂപയുടെ മരുന്നിന് നികുതിയിനത്തില്‍ വരുന്ന ഏകദേശം ആറരക്കോടി രൂപയും കുറവുവരും.
മരുന്ന് എത്തിക്കാനുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഒരാഴ്ചക്കുള്ളില്‍ മരുന്ന് എത്തിക്കാനാവുമെന്നാണ് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളുടെ നിലപാട്.