തിരുവനന്തപുരം: നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
കൊവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. അതേസമയം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ രീതിയിലും നിയന്ത്രണങ്ങളുടെ ഘടനയിലും മാറ്റം വരുത്താന്‍ തീരുമാനിച്ചു.
ചീഫ് സെക്രട്ടറിതല സമിതിയുടെ ഉള്‍പ്പെടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ ഞായര്‍ മാത്രമാക്കി. ഇതോടെ ശനിയാഴ്ച ഉള്‍പ്പെടെ ആറ് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കടകളുടെ പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിക്കും. സ്വാതന്ത്ര്യദിനം, അവിട്ടം എന്നീ ദിവസങ്ങള്‍ ഞായറാഴ്ച ആയതിനാല്‍ അന്നേ ദിവസസങ്ങളില്‍ ലോക് ഡൗണ്‍ ഒഴിവാക്കും.