തിരുവനംന്തപുരം; ഏറെ ചര്‍ച്ചാവിഷയമായ ബ്ലൂ വെയില് ഗെയിമിനു പിന്നാലെ ലോകത്തെ ഞെട്ടിച്ച പുതിയ വൈറല്‍ ഡെത്ത് ഗെയിം ‘മോമോ’യെപ്പറ്റിയാണ് ഇന്ന്് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ മോമോ എന്ന ഈ ഗെയിം എന്താണെന്ന് ആര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ ചില അഭ്യൂഹങ്ങളുടെ ബലത്തില്‍ ഒട്ടേറെ വ്യാജന്മാരാണ് ‘മോമോ’യുടെ രൂപംകെട്ടി രംഗത്തു വന്നിരിക്കുന്നത്. ഇതില്‍ ഏതാണ് ശരിയെന്നും ഏതാണ് വ്യാജമെന്നും ആര്‍ക്കും തിരിച്ചറിയാനും സാധിച്ചിട്ടില്ല.
ഒരു വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മറുപടി ലഭിക്കുന്നത് മരണം ആണെന്നാണ് ആദ്യം പ്രചരണം നടന്നിരുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും മോമോ ഗെയിം എന്ന പേരില്‍ നിരവധി ആപ്പുകളുണ്ട്. മോമോ ബട്ടന്, മോമോ സ്ക്രീമര്‍, സ്കാരി മോമോ തുടങ്ങിയ പേരുകളിലാണ് ഈ ആപ്പുകള്‍. അതേസമയം, മോമോയുടെ പേരില്‍ നിരവധി വ്യാജന്മാരാണ് ഇപ്പോള്‍ രംഗത്തുള്ളതെന്നും സൈബര്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ സമയത്ത് സാഹചര്യം മുതലെടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തുണ്ടെന്നും സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നു.
എന്താണ് മോമോ ഗെയിം?
മോമോയുടേതെന്നു വിശ്വസിപ്പിച്ച ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളോട് അജ്ഞാത നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശം അയയ്ക്കാനാകുമോ എന്ന് വെല്ലുവിളിക്കും. വാട്സ് ആപ്പിലൂടെ മോമോ അയയ്ക്കുന്നത് അപകടകരങ്ങളായ ചാലഞ്ചുകള്‍. ക്രൂരകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കും. ആത്മഹത്യയിലൂടെ മൊമോയെ കാണാനാകുമെന്ന് വാഗ്ദാനം. മോമോ നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ കേള്‍ക്കുക വേദന സഹിക്കാനാകാതെ, നിര്‍ത്താതെ ആരോ കരയുന്ന ശബ്ദം. ഗെയിം നിയമങ്ങള്‍ തെറ്റിച്ചാല്‍ വരിക പേടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും. കംമ്പ്യൂട്ടറോ ഫോണോ ഹാക്ക് ചെയ്യുമെന്നും പേഴ്സണല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിയും പിന്നാലെയെത്തും.
ഗെയിമുമായി ബന്ധപ്പെട്ട് ആദ്യം അനിഷ്ട സംഭവം ഉണ്ടായത് അര്‍ജന്റീനയിലാണ്. അര്‍ജന്റീനയിലെ എസ്കോബറില് പന്ത്രണ്ടുകാരി തൂങ്ങി മരിക്കുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തി. സംഭവത്തില്‍ ഫോണ്‍ കണ്ടെടുത്ത പോലീസ് മോമോ ഗെയിം ബന്ധം അന്വേഷിക്കുന്നു. മെക്സിക്കോ, അര്‍ജന്റീന, യുഎസ്, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ മോമോ റിപ്പോര്‍ട്ട് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ പ്രശ്നങ്ങളൊന്നുമില്ല. പാതി പക്ഷിയുടെയും പാതി സ്ത്രീയുടെയും ശരീരമാണ് മോമോയ്ക്ക്. വലിയ കണ്ണുകള്‍, കുട്ടികളില്‍ കൗതുകവും ഭയവുമുണര്ത്തുന്ന മുഖം. ജാപ്പനീസ് ശില്പി മിഡോറി ഹയാഷിയുടെ ‘മദര്‍ ബേഡ് ബൈ ലിങ്ക് ഫാക്ടറി’ എന്ന ശില്പമാണിത്.
തട്ടിപ്പാണിത്!
വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള തന്ത്രമാണ് മോമോ ഗെയിം എന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.
ഓണ്‍ലൈന്‍ പണം തട്ടിപ്പുകാരും ഉണ്ടാകും ഇതിനു പിന്നില്‍.
ഫോട്ടോകളും വിഡിയോകളും ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനുള്ള ശ്രമം.
കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാനുള്ള തന്ത്രം.
വ്യാജ നമ്പരുകളില്‍ നിന്നും മോമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കേരള പോലീസ്. ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടിയെന്നും മുന്നറിയിപ്പ്.