കൊല്ലം: ‘എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ ഞാന്‍ തയാറാണ്.’ ഇത് ഷിഹാബുദ്ദീന്റെ വാക്കുകളാണ്. പോലീസ് അനാവശ്യമായി പെറ്റി ചുമത്തുന്നതിന് എതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കേസ് ചുമത്തപ്പെട്ട ഗൗരിനന്ദയുടെ വീട് തേടിപ്പിടിച്ചാണ് ഷിഹാബുദ്ദീന് എത്തിയതും പിന്തുണ പ്രഖ്യാപിച്ചതും.
പ്ലസ് ടു പരീക്ഷയില്‍ ഗൗരിക്കു മികച്ച വിജയമുണ്ടെന്ന വാര്‍ത്തയ്ക്കൊപ്പം ഷിഹാബുദീന്റെ നല്ല വാക്കുകളും കൂടിയായപ്പോള്‍ ചടയമംഗലം അക്കോണം ഇടുക്കുപാറയിലുള്ള ഗൗരിയുടെ വീട്ടിലും സന്തോഷമായി. രണ്ടു ദിവസം മുന്‍പ് ചടയമംഗലം ജംഗ്ഷനിലുള്ള ഇന്ത്യന്‍ ബാങ്കിനു മുന്നില്‍ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂര്‍ ഊന്നന്‍പാറ പോരന്‍കോട് മേലതില്‍ വീട്ടില്‍ എം.ഷിഹാബുദീന്‍, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് പെറ്റി അടിച്ചിരുന്നു.
എന്നാല്‍ കൃത്യമായ അകലം പാലിച്ചാണ് ക്യൂ നിന്നതെന്നു ചൂണ്ടിക്കാട്ടി ഷിഹാബുദീന്‍ പ്രതിഷേധിച്ചു. ഈ സമയം, അമ്മയെ ചടയമംഗലത്തെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം എടിഎമ്മില്‍ നിന്നു പണമെടുക്കാന്‍ ഇവിടെയെത്തിയ ഗൗരി ഇതുകണ്ട് ഷിഹാബുദീനോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അപ്പോള്‍ ഗൗരിക്കും പെറ്റി ചുമത്താന്‍ പോലീസ് ശ്രമിച്ചെന്നും ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും കേസെടുത്തെന്നും ഗൗരിയും ഷിഹാബുദീനും പറയുന്നു. സംഭവം സോഷ്യല്‍മീഡിയയില്‍ നിമിഷ നേരംകൊണ്ട് വൈറലാവുകയും ചെയ്തു. ഗൗരിക്കെതിരെ കേസ് എടുത്ത വാര്‍ത്ത അറിഞ്ഞാണ് വീട് തേടിപ്പിടിച്ച് ഷിഹാബുദീന്‍ എത്തിയത്.