തിരുവനന്തപുരം: കടയ്ക്കാവൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചതിന് കോടതിയുടെ അഭിനന്ദനമേറ്റുവാങ്ങിയ പോലീസ് നായ ജെറിക്കു സ്നേഹാനുമോദനങ്ങള്‍ നല്കി കേരള പോലീസ്. കടയ്ക്കാവൂര്‍ കേസില്‍ ജെറിയുടെ സേവനത്തെ, പ്രതിക്കുള്ള ശിക്ഷാ വിധിയുത്തരവില് പേരെടുത്തു പറഞ്ഞാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി അഭിനന്ദിച്ചത്.
തിരുവനന്തപുരം റൂറലിലെ ട്രാക്കര്‍ ഡോഗ് ജെറിയെ പോലീസ് ആസ്ഥാനത്ത് ഡിജിപി അനില്‍കാന്ത് അനുമോദിച്ചു. ഡിജിപിയുടെ കമന്റേഷന്‍ മെഡല്‍ ജെറിയെ അണിയിച്ചു ആദരിച്ചു. ജെറിയുടെ ഹാന്‍ഡ്ലര്‍മാരായ വി.എസ്.വിഷ്ണു ശങ്കര്‍, എം.വി.അനൂപ് എന്നിവര്‍ക്ക് എഡിജിപി മനോജ് ഏബ്രഹാം കാഷ് അവാര്‍ഡ് സമ്മാനിച്ചു.
ബറ്റാലിയന് ഡിഐജി പി.പ്രകാശും പങ്കെടുത്തു. പരിശീലന കാലത്ത് മികച്ച ട്രാക്കര്‍ ഡോഗിനുള്ള മെഡല്‍ നേടിയ ജെറി, അഞ്ചു വര്‍ഷത്തെ സേവനത്തിനിടെ മൂന്നു കൊലപാതക കേസുകളിലാണ് തെളിവുണ്ടാക്കാന്‍ പങ്കാളിയായത്.