തുറവൂര്‍: ഓമനിച്ചുവളര്‍ത്തിയ മകള്‍ കാമുകനൊപ്പം പോയതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. തുറവൂരിലാണ് സംഭവം. പട്ടണക്കാട് സുനിത മന്‍സിലില്‍ സെയ്തുമുഹമ്മദിന്റെ മകന് അബ്ദുള്‍ മനാഫ് (48) ആണ് മരിച്ചത്.
ഭാര്യ ഹസീന (35)യെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്.
ഹസീനയുടെ ചന്തിരൂരിലുളള വീട്ടില്‍ വച്ചായിരുന്നു ആത്മഹത്യാശ്രമം. 18ഉം 10ളം വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകള്‍ കഴിഞ്ഞ ദിവസം കാമുകനൊപ്പം പോയിരുന്നു. ഇതേത്തുടര്‍ന്ന് മനോവിഷമത്തിലായ മനാഫും ഹസീനയും ഇളയ മകളെയും കൂട്ടി എറണാകുളത്തു പോകുകയാണെന്ന് പറഞ്ഞു ഇന്നലെ പുലര്‍ച്ചേ ആറോടെ പട്ടണക്കാട് പൊലീസ് സ്റ്റേഷന് പിന്നിലുള്ള സ്വവസതിയില്‍ നിന്ന് ഇറങ്ങി ചന്തിരൂരിലെ ഹസീനയുടെ കുടുംബ വീട്ടിലെത്തി.
ഹസീനയുടെ പിതാവ് 2 മാസം മുമ്പ് മരിച്ചതിനാല്‍ ഒറ്റയ്ക്കായ മാതാവ് ബന്ധുവീട്ടിലാണ് താമസം. ഇരുനില വീടിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് ഒരു കുടുംബം താമസിക്കുന്നുണ്ട്. മുകള്‍നിലയിലെ മുറിയുടെ വാതില്‍ തുറന്നു അകത്തു കയറിയ ദമ്പതികള്‍ ഉറക്കഗുളിക അമിതമായി കഴിച്ച ശേഷം ഇടതുകൈയുടെ ഞരമ്പുകള്‍ മുറിച്ചു.
ഉറക്കത്തിലായ ഇളയകുട്ടി പകല്‍ രണ്ടിന് ഉണര്‍ന്നപ്പോള്‍ മാതാപിതാക്കള്‍ രക്തം വാര്‍ന്നു കിടക്കുന്നതാണ് കണ്ടത്. കുട്ടി ഉടന്‍ മൊബൈല്‍ ഫോണില്‍ അബ്ദുള്‍ മനാഫിന്റെ പിതാവ് സെയ്തുമുഹമ്മദിനെയും അടുത്ത ബന്ധുക്കളേയും വിവരമറിയിക്കുകയായിരുന്നു.
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ ഇരുവരെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മനാഫിനെ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടാക്സി ഡ്രൈവറാണ് മനാഫ്.