കടുത്തുരുത്തി: മരണവീട്ടില്‍ മോഷണം. വീട്ടില്‍ നിന്ന് ജനറേറ്ററാണ് മോഷണം പോയത്. സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്താലാണ് മോനിപ്പള്ളി തച്ചാറക്കുഴിയില് ജെയിംസ് ബേബി (26), മാഞ്ഞൂര്‍ മേമ്മുറി കളപ്പുരതട്ടേല് ചാക്കോ ജോസ് (20), പാമ്പാടി കൂരോപ്പട കുന്നുംപുറത്ത് നോബി കെ. പൈലോ (38) എന്നിവരാണ് അറസ്റ്റിലായത്.
മേമ്മുറിയിലെ മരണവീട്ടില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മോഷണം നടത്തിയ പ്രതികളെയാണ് മോഷണവസ്തു കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ സഹായത്താല്‍ പോലീസ് പിടികൂടിയത്. മേമ്മുറി അപ്പോഴിപറമ്പില്‍ എ.പി.ജോസഫിന്റെ(അപ്പച്ചന്-75) വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം മരിച്ച ജോസഫിന്റെ ശവസംസ്കാരം ഞായറാഴ്ചയായിരുന്നു.
വീട്ടുകാര്‍ പുലര്‍ച്ചെ ബന്ധുക്കളെ കൊണ്ടുവരുന്നതിനായി എയര്‍പോര്‍ട്ടില്‍ പോയ സയമത്താണ് വീട്ടുമുറ്റത്തുനിന്ന് ജനറേറ്റര്‍ കടത്തിക്കൊണ്ടുപോയത്. മോനിപ്പള്ളിയില്നിന്ന് ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുവന്ന പ്രതികള്‍ ജനറേറ്റര്‍ ഓട്ടോറിക്ഷയില്‍ എടുത്തുവെച്ച് സ്ഥലംവിടുകയായിരുന്നു.
പ്രതികളെ കോട്ടയത്തുകൊണ്ടാക്കിയശേഷം മടങ്ങുംവഴിയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരണവീട്ടിലെത്തി ബന്ധുക്കളോട് ജനറേറ്റര്‍ മോഷ്ടിച്ച വിവരം പറയുന്നത്. പ്രതികളുമായി കോട്ടയത്തേക്ക് പോകുമ്പോഴാണ് ഇവരുടെ സംസാരത്തില്‍നിന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ജനറേറ്റര്‍ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു എന്ന വിവരം മനസ്സിലാകുന്നത്.