തിരുവനന്തപുരം: നട്ടെല്ലിലെ കമ്പി നീക്കം ചെയ്യാന്‍ ഭിക്ഷയാചിച്ച് അന്യസംസ്ഥാന തൊഴിലാളി. തിരുവനന്തപുരം നഗരത്തില്‍ നിന്നുമാണ് ഈ ദയനീയ കാഴ്ച. കെട്ടിട നിര്‍മ്മാണത്തിനിടെ താഴേയ്ക്കു വീണ് നട്ടെല്ലിന് പൊട്ടല്‍ സംഭവിച്ചതാണ് തൊഴിലാളിയുടെ ഈ ദുര്‍ഗതിയ്ക്ക് കാരണം. ജാര്‍ഖണ്ഡ് സ്വദേശിയായ ശങ്കറാണ് (23) നഗരത്തില്‍ ഭിക്ഷയാചിക്കുന്നത്.
ചെന്നൈയിലെ ചായക്കടയില്‍ പണിയെടുത്തുവന്ന ഇയാള്‍ ചായക്കടയില്‍ ജോലി ഇല്ലാതിരുന്ന ദിവസം കൂലിപ്പണിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കെട്ടിട നിര്‍മ്മാണ പണിയിലേര്പ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ചെന്നൈയിലെ ഒരു ആശുപത്രിയിലെത്തിച്ച ശങ്കറിന് നട്ടെല്ലിനുണ്ടായ പൊട്ടല്‍ പരിഹരിക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. കൈവശമുണ്ടായിരുന്നതും സുമനസുകളുടെ സഹായവുമുള്‍പ്പെടെ ഒന്നരലക്ഷത്തോളം രൂപ ചെലവായി.
ശസ്ത്രക്രിയയ്ക്ക് ശേഷം ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലുപേക്ഷിച്ച് കടന്നതോടെ ശങ്കര്‍ മുമ്പ് കേരളത്തില്‍ ജോലി ചെയ്ത പരിചയത്തിലാണ് ഇവിടെയെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ മുറിവ് ഉണങ്ങിയെങ്കിലും നട്ടെല്ല് പൂര്വ്വസ്ഥിതിലാക്കാനുപയോഗിച്ച സ്റ്റെയിന്‍ലസ് സ്റ്റീല്‍ കമ്പികള്‍ നീക്കം ചെയ്യണം. ഇതിനായി അരലക്ഷത്തിലധികം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് ജോലിചെയ്യാന്‍ നിവൃത്തിയില്ലാത്ത താന്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതനായതെന്ന് ഇയാള്‍ നിറകണ്ണുകളോടെ പറഞ്ഞു.
മാതാപിതാക്കളില്ലാത്ത തനിക്ക് നാട്ടില്‍ ഒരു സഹോദരന് മാത്രമാണുള്ളത്. അപകട വാര്‍ത്ത നാട്ടില്‍ അറിയിച്ചതനുസരിച്ച് സഹോദരനെത്തിയെങ്കിലും ആഴ്ചകള്‍ക്ക് ശേഷം തിരികെ പോയി. തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി കഴിഞ്ഞുകൂടുന്ന ശങ്കറിന് നട്ടെല്ലിനുണ്ടായ പരിക്ക് കാരണം ശരിയായ വിധത്തില്‍ നടക്കാന്‍ കഴിയുന്നില്ല. നിരങ്ങിയും നീങ്ങിയും ഫുട്പാത്തിലൂടെയാണ് സഞ്ചാരം. ഷര്‍ട്ടൂരി ഫുട്പാത്തില്‍ വഴിപോക്കരുടെ നേര്‍ക്ക് കൈനീട്ടുന്ന ഈ യുവാവിനോട് സഹതാപം തോന്നി പലരും സഹായങ്ങള്‍ നല്‍കാറുണ്ടെങ്കിലും അത് ഭക്ഷണത്തിനും മരുന്നിനും തികയാത്ത സ്ഥിതിയാണ്. കോരിച്ചൊരിയുന്ന മഴയില്‍ വേദന കടിച്ചമര്‍ത്തി ഫുട് പാത്തില്‍ കഴിച്ചുകൂട്ടുകയാണ് 23കാരനായ ശങ്കര്‍