മുംബൈ: സംസ്ഥാനം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ വലയുന്ന കേരളത്തിന് സ്വാന്തനമായി മുംബൈ മലയാളി സമൂഹം. ദുരിതത്തിലായ ജന്മനാടിനു കൈത്താങ്ങായി ജന്മനാടിനോടുള്ള സ്നേഹം അറിയിക്കുകയാണ് മറുനാട്ടിലെ മലയാളികള്‍.
കല്യാണ്‍ വെസ്റ്റ് മുത്തപ്പന് സേവാ സംഘം ട്രസ്റ്റ് പ്രതിനിധികള്‍ ഒരു ലക്ഷം രൂപയോളം പ്രളയക്കെടുതിയില്‍ വലയുന്നവരെ സഹായിക്കുന്നതിനായി വാഗ്ദാനം ചെയ്തു. സുമനസുകളില്‍ നിന്നും കൂടുതല്‍ തുക സമാഹരിച്ചു നല്കുവാനുള്ള ശ്രമത്തിലാണ് മുത്തപ്പന് ട്രസ്റ്റ് ഭാരവാഹികളെന്നു സാമൂഹിക പ്രവര്‍ത്തകനായ സിപി ബാബു അറിയിച്ചു.
ശ്രീനാരായണ മന്ദിര സമിതി, ആത്മ താനെ തുടങ്ങി നിരവധി മലയാളി സംഘടനകള്‍ സഹായഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്. നഗരത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ മന്ദിര സമിതിയുടെ ആദ്യ ഗഡുവായ 2 ലക്ഷം രൂപ കഴിഞ്ഞ ദിവസം മുംബൈ സന്ദര്‍ശിച്ച മുന്‍ മന്ത്രി എംഎ ബേബിക്ക് കൈമാറി. കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് സമിതി അംഗങ്ങളെന്ന് ചെയര്മാന് എംഐ ദാമോദരനും ജനറല്‍ സെക്രട്ടറി എന്‍ എസ് സലിംകുമാറും അറിയിച്ചു.
ശിവസേന നേതാവും പൊതുമരാമത്തു മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 2000 ഫാമിലി കിറ്റുകളും, കേരളീയ കേന്ദ്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ 1000 ഫാമിലി കിറ്റുകളും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ മുംബൈയില്‍ നിന്നും അയക്കുന്നത്.
പന്‍വേല്‍ മലയാളി സമാജം ഓണത്തിന്റെ പ്രധാന ആഘോഷ പരിപാടികള്‍ മാറ്റി വച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. കൂടാതെ സുമനസുകളില്‍ നിന്നും ഏകദേശം 10 ലക്ഷത്തോളം സമാഹരിച്ചു നല്‍കാനാണ് പദ്ധതിയെന്ന് ചുമതല വഹിക്കുന്ന സതീഷ് കുമാര്‍ അറിയിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സമാജങ്ങളില്‍ പ്രഥമ സ്ഥാനമാണ് പന്‍വേല്‍ മലയാളി സമാജത്തിനുള്ളത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായ ടിഎന്‍ ഹരിഹരനാണ് സമാജം പ്രസിഡന്റ്.
ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിയാണ് കേരളത്തിന് കൈത്താങ്ങാകാന്‍ കെ ആന്‍ഡ് കെ സോഷ്യല്‍ ഫൌണ്ടേഷന് തീരുമാനിച്ചത്. കൂടാതെ മുംബൈയിലെ കോര്‍പ്പറേറ്റ് കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ധനസഹായം കേരളത്തിന് നല്കുവാനുള്ള തയ്യാറെടുപ്പിലാണ് ഫൌണ്ടേഷന് ചെയര്മാന് പ്രിന്‍സ് വൈദ്യന്. മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ലോക കേരള സഭാംഗം കൂടിയായ പ്രിന്‍സ് വൈദ്യന് അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്ലി കേരളീയ സമാജവും ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുവാന്‍ തീരുമാനിച്ചിരിക്കയാണ്.
മലയാളി ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളും ജന്മനാടിന്റെ കണ്ണീരൊപ്പാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. മുംബൈയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സീസാഗയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എംകെ നവാസ് പറഞ്ഞു. സാമൂഹിക പ്രവര്ത്തകന് കൂടിയായ നവാസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി കൂടിയാണ്.
പ്രളയക്കെടുതിയില്‍ പകച്ചു നില്ക്കുന്ന ജന്മനാടിന് സ്വാന്തനമേകാന്‍ ആംചി മുംബൈ സംഘടിപ്പിച്ച ‘ജന്മനാടിനു കൈത്താങ്ങ്’ എന്ന പ്രത്യേക പരിപാടിയില്‍ നടനും നിര്‍മ്മാതാവുമായ മുരളി തന്റെ അവാര്‍ഡ് തുകയായ ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുവാനുള്ള തീരുമാനം അറിയിക്കുകയുണ്ടായി.
ചടങ്ങില്‍ ഉല്ലാസനഗറില്‍ സാമൂഹിക പ്രവര്‍ത്തകനായ കൃഷ്ണന്‍കുട്ടി നായര്‍ കൂടാതെ പ്രദേശത്തെ വിവിധ മലയാളി സംഘടനകളും മഴക്കെടുതിയില്‍ ദുരിതം പേറുന്നവര്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ചെക്കുകള്‍ മുംബൈയിലെ ലോകസംഭംഗങ്ങള്‍ വഴിയോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഹായങ്ങള്‍ നല്കുവാന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ചെക്ക്/ ഡ്രാഫ്റ്റ് എന്നിവ ബന്ധപ്പെട്ട ലോക കേരള സഭ അംഗങ്ങള്‍ക്കോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ എത്തിക്കാവുന്നതാണ് . ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ 80G(2) (iii hf) of the Income-Tax Act, 1961 പ്രകാരം 100 % നികുതി ഇളവ് ലഭിക്കുന്നതായിരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ പണം ഓണ്‍ലൈനായി നല്‍കുന്നതിന് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്ബറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.
Chief Minister’s Distress Relief Fund
Bank A/c No. 67319948232
State Bank of India, City Branch, Thiruvananthapuram
IFS Code: SBIN0070028